കാസര്‍ഗോഡ്: ഐഎന്‍എല്‍ പ്രവര്ത്തകന് കാസര്‍ഗോഡ് എരിയാലിലെ ആബിദിനെ (24) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. ഷംസുദ്ദീന് (40), കെ.എം. റഫീഖ് (40), അബ്ദുള്‍ ജലീല്‍ (41), പി.എച്ച്. ഹാരിസ് (41), ഉമ്മര്‍, റഫീഖ് എന്നിവരെയാണ് ജില്ലാ അഡീ. സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് അചിന്ത്യരാജ് ഉണ്ണി വെറുതെവിട്ടത്.
2007 നവംബര്‍ 20നു വൈകുന്നേരം 5.30ഓടെയാണ് എരിയാല്‍ ബെള്ളീരില്‍ വച്ച് ആബിദ് വെട്ടേറ്റു മരിച്ചത്. ബൈക്കുകളിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നും മുമ്പ് നടന്ന അക്രമസംഭവത്തെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കാസര്‍ഗോഡ് ടൗണ്‍ പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കിയ രണ്ടാം സാക്ഷി ഇബ്രാഹിം ഖലീലിന്റെയും മൂന്നാംസാക്ഷി അര്‍ഷാദിന്റെയും മൊഴികള്‍ പരസ്പരവിരുദ്ധമായതും അന്വേഷണത്തിലെ വീഴ്ചകളും കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയായി. പരാതിക്കാരനായ ഫൈസല്‍ ഉള്‍പ്പെടെയുള്ള ദൃക്സാക്ഷികള്‍ കൂറു മാറി. വിരലടയാളം ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച സംഭവിക്കുകയും ചെയ്തു.